പെണ്ണേ ബാ, മ്മക്ക് കലമ്പിത്തെളക്കാം

മൃദുല ഭവാനി

പറയ്‌,നിനക്കുണ്ടായിരുന്നോ
പകൽ കലമ്പി വെറുപ്പിക്കുന്ന അച്ഛൻ?
നിനക്കുണ്ടോ
അണക്കെട്ട് പൊട്ടിയ കണക്കെ പൊട്ടിയൊഴുകുന്ന,
കരയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന അമ്മ ?
അവർക്കിടയിലെ മഞ്ഞ നിറമുള്ള നിശ്ശബ്ദത?
ഒരു കത്രിക ഇടം മാറ്റി വെച്ചതിന്
നീ അടി കൊണ്ടിട്ടുണ്ടോ?
അമ്മയുടെ മുറിച്ചോര പറ്റിയ ഒരു
പിനോഖ്യോ പുസ്തകം നിനക്കുണ്ടോ?
അന്ന് അമ്മത്തലയിൽ തകർക്കപ്പെട്ട
ഒരു പ്രിയപ്പെട്ട കണ്ണാടിയുണ്ടോ ?
പിന്നെ നിനക്കെങ്ങനെയാണ്
എന്റെ തോന്നലുകൾ അതുപോലെ
പകർത്താനാകുന്നത്?
പിന്നെ നിനക്കെങ്ങനെയാണ്
എന്റെ ചിത്രങ്ങൾ അതിവിദഗ്ധമായി കട്ടുണ്ടാക്കാൻ പറ്റുന്നത് ?
പിന്നെങ്ങനെയാണ് നീ നോക്കി നോക്കിയിരിക്കെ
സ്വയം സ്നേഹിക്കാൻ ശീലിച്ചത്?

നിന്റെ മടിയിൽ,
പെണ്ണേ ,
നീ പാതി വരച്ച
ചിത്രത്തിനടുത്ത് തലവെച്ച്
എനിക്ക് പകലോളം ഒന്നുറങ്ങണം.
ഒന്നും വേണ്ട,
ഒരുമ്മ പോലും വേണ്ട,
നിന്നോട് മിണ്ടണം -
പിന്നെ തണുത്ത നിലത്ത് നമുക്ക് ചിത്രങ്ങൾ വരയ്ക്കണം.
ചായം കൊണ്ട്-മെഴുകു കൊണ്ട്-കരിക്കട്ട കൊണ്ട്
ആദ്യം നിലത്ത്,പിന്നെ ചുവരിൽ,പിന്നെ മേൽക്കൂരയിൽ.
അതും കഴിഞ്ഞ് പുറം ചുവരിൽ,
നിന്റെ മുറ്റത്തെ മരങ്ങളിൽ,
ഇലകളിൽ,
മതിലിൽ . . . പൊതു കക്കൂസിലെ ചുവരുകളിൽ
പിന്നെ തെരുവിൽ . . .
പീടികച്ചുവരുകളിൽ . . .
ബീഡിയും കടലമിട്ടായിയും മണക്കുന്ന
വരാന്തയിൽ,
ആളിരുന്നു കറുത്തുപോയ ബെഞ്ചുകളിൽ,
നരച്ച താടികളിൽ
നമുക്ക് ചായമടിക്കാം.
കള്ള് വിൽക്കുന്ന കടകളിൽനിന്ന്
വരിനില്ക്കാതെ വാങ്ങിവരുമ്പോ
സദാചാരികളോട് കലപിലക്കാം.
എന്നിട്ട് മതിയാവോളം നടക്കാം.
നമുക്ക് ചുറ്റും
മതിലുകൾ
പാളങ്ങൾ
പാലങ്ങൾ
മുറിഞ്ഞ പുഴകൾ
അറ്റ കാലുകൾ
വിറ്റു തീരാത്ത ഐസ്ക്രീം പെട്ടികൾ
അഴുക്കു കൂനകൾ
കെട്ടിടങ്ങൾ
ഉച്ചത്തിൽ കരയുന്ന
കാക്കകൾ
സ്വന്തം നാടിന്റെ
പേരറിയാത്ത കുട്ടികൾ—
സ്കൂളിൽ പോകാതെ
വിശന്നിട്ടാണെങ്കിലും
പച്ചക്ക് വളരുന്ന കുട്ടികൾ
മുറിഞ്ഞ ഭൂപടത്തിന്റെ
അരികു രാകി
മിനുക്കാൻ നോക്കുന്നവർ
എന്നെയും നിന്നെയും
നോക്കിയളന്നു സുഖിക്കുന്ന ആണുങ്ങൾ
നമുക്ക് ചുറ്റും കൊതുകുകൾ
കണക്കെ മൂളിവരുന്ന ആണുങ്ങൾ
നിന്റെ മുലയിലെക്കാണ്
നോക്കുന്നതെന്നറിയുമ്പോൾ
നിനക്ക് മറയാകാൻ
നോക്കുന്ന ഞാൻ.
ആണുങ്ങൾ -പെണ്ണുങ്ങൾ -രണ്ടുമായവർ.
പിന്നെ നമ്മളും.
കുഞ്ഞിത്തീവണ്ടികൾ പായുന്ന
പാളത്തിനരികെ ഡുബേ കോളനി വഴിപോയാൽ
കന്നാലികളും തടാകവും
ഒന്നാവുന്ന ഒരിടം കാട്ടിത്തരാം.
വൈകുന്നേരം
കുട്ടികൾ സെപ്റ്റിക് ടാങ്കിനു മേലെ നിന്ന്
പട്ടം പറത്തും..
തൊട്ടപ്പുറത്തെ
തവിട്ടു പച്ച മലയിലെ
ചാരനിറമുള്ള കൂർമ്പൻ കല്ലുകളിൽ
അവർ പൊട്ടിത്തളർന്നു വീഴും.
പൊട്ടിയ പട്ടം പുതിയ നൂലിൽ കോർക്കാൻ
കുട്ടികൾ മല കയറും
ഞാനും നീയും അത് നോക്കിയിരിക്കും
ഞാനന്നേരം എന്റെ ഇടം കയ്യെടുക്കും
നിന്നെ മറന്നു ഒരു വര വരക്കും
വേറെന്തൊക്കെ വരച്ചാലും
അത് നീയായി മാറുന്നത് കണ്ട് ഞാൻ കുഴയും.
നിന്റെ പാണ്ടക്കണ്ണുകൾ ഏന്തി വലിഞ്ഞു നോക്കും
മ്മടെ വലതു ഭാഗത്ത് താഴാൻ പോകുന്ന സൂര്യനിലേക്ക്
ഞാൻ നിന്റെ താടി തിരിച്ചു വെക്കും
താടിയിൽ സൂര്യനെ കൊരുത്ത ഒരു ഫോട്ടോ എടുക്കും—
പെണ്ണേ,
നിനക്കുപോലും എടുക്കാനാകാത്ത
ഒരു 'സെൽഫി' ആയിരിക്കും അത്!
തിരിച്ചു പോകുമ്പോൾ
ചായകുടിക്കാം
കീഴ്പോട്ടു വരകളുള്ള
പണ്ടു പണ്ടത്തെ ചില്ല് ഗ്ലാസ്സിൽ
എന്നിട്ട് ഫിലമെന്റിന്റെ നിഴൽ ഊതിയൂതിക്കുടിച്ച
ഞാനെന്ന കുട്ടിയുടെ കഥ പറയാം
എന്റെ തല
ഒരു ഇലകൊഴിക്കും മരമാണ്
അതുകൊണ്ട്
പോകുമ്പോൾ തലയിൽ തൊടുക
മടുക്കുമ്പോൾ ഞാൻ
നിന്നിലെക്കും
നീ
എന്നിലേക്കും
മടങ്ങിപ്പോകുക.
പാണ്ടക്കണ്ണുകൾ മഷിയെഴുതിത്തിളപ്പിക്കുക
അത്രയേ ഉള്ളൂ