മൂന്നു കവിതകൾ

അൻവർ അലി

ഞാനരിയും കുരലുകളെല്ലാം

ഞാനരിയും കുരലുകളെല്ലാം
എന്റേതോ പൊന്നച്ഛാ?
നീയരിയും കുരലും ചങ്കും
എല്ലാര്ടേം പൊന്മകനേ

ഞാനീമ്പിയ ചാറും ചറവും
മധുവല്ലേ നല്ലച്ഛാ?
നീ മോന്തിയ മധു നിൻ ചോര
ചുടുചോര നൻന്മകനേ

നാം പൊത്തിയ പൊക്കാളിക്കര
എങ്ങേപോയ് പൊന്നച്ഛാ?
നീ വാരിയ ചുടുചോറൊപ്പം
വെന്തേപോയ് പൊന്മകനേ

അക്കാണും മാമലയൊന്നും
നമ്മുടെതല്ലെന്മകനേ
ഈ കായൽക്കയവും കരയും
ആരുടേം . . . അല്ലെൻ മകനേ

പുഴുപുലികൾ പക്കിപരുന്തുകൾ
കടലാനകൾ കാട്ടുരുവങ്ങൾ
പലകാലപ്പരദൈവങ്ങൾ
പുലയാടികൾ നമ്മളുമൊപ്പം
നരകിച്ചു പൊറുക്കുന്നിവിടം
ഭൂലോകം തിരുമകനേ
കലഹിച്ചു മരിക്കുന്നിവിടം
ഇഹലോകം എൻ തിരുമകനേ



യിൻ-യാങ്

ഹാന്നദി2 ഒരു തറി
നീരൊഴുക്കിന്റെ യിന്; അതില്
അനേകായിരം രാവിളക്കുകളില് നിന്നു കുതിക്കുന്ന
യാങ്നൂലുകളുടെ പാവ്

ഹാന്
ഒരു നെയ്ത്തുകാലത്തിന്റെ ഓര്മ്മ-
യിന്-യാങ്
യിന്-യാങ്
തറിയില് ഒരുവള് നിര്ത്താതെ പാടിയിരുന്നു

അവളുടെ രാവഞ്ചികള് മീട്ടിയ യിന്നില്
ഇഴയിട്ട്, നക്ഷത്രമത്സ്യങ്ങളുടെ യാങ്

*

കൊയ്ത്തുകാലം വന്നു; ചോരയുടെ കാലം
യിന്-യാങ് നിലവിളിയും കൊലവിളിയുമായി

കീറിപ്പറിഞ്ഞ സോവ്ള് വാരിയുടുത്ത്
മുടികരിഞ്ഞ സാനുകളെ4 വാരിയെടുത്ത്
അവള് മഞ്ഞക്കടലിലേക്ക് അലറി

ആരും കണ്ടിട്ടില്ല പിന്നീടവളെ

(ഒരു പടുകൂറ്റന് അപ്പാര്ട്മെന്റില്
അടക്കിപ്പിടിച്ച തന്റെ ശ്വാസം മാത്രം ശ്വസിച്ച്
വെള്ളിക്കിഴങ്ങിന്റെ വേരുപോലുള്ള നരയുമായി
മകന്റെ ഫ്ലാറ്റിലെ കുടുസ്സുമുറിയിലുണ്ടെന്ന് ലീ സി-യങ്)5

*

പക്ഷേ
ഇന്നു രാത്രി അവള് വരും
ഹാന്തറിയില്
ഹംഗുളിന്റെ യിന്-യാങ്ങില്
എന്റെ മലയാളവളവുകള് വായിക്കും

ഞങ്ങള് നെയ്യും
യീ-സാന്കവിത, തെറ്റിയുടുത്ത ജയില്വേഷം6
കിം കി-ദോസിനിമ, തെറിച്ച നിശാവസ്ത്രം
ഭാരതപ്പുഴ, പിഞ്ഞിയ ഒരീരിഴത്തോര്ത്ത്

*



ആടിയാടിയലഞ്ഞ മരങ്ങളേ . . .

നീലപ്പുല്ത്തറകള്ക്കുമേല്
പലനിഴല്ക്കൂടാരമുണ്ടാക്കിനടന്ന
പഴങ്കഥകളേ

ഓരോ തുള്ളി ചിതയിലേയ്ക്കും
ഒരായിരം സൂര്യനു കുതിച്ച
ഉടന്തടികളേ

ഉളിപിടിക്കാത്ത കടുന്തടികളേ
ഉരമറിയാത്ത ഇളമുറകളേ
കാറ്റുംപുറത്തു കേറി ഇരക്കാന് പോയവരേ

അടിപറിഞ്ഞ നിലപാടുകളേ

ആടിയാടിയലഞ്ഞ്
നാവുകുഴഞ്ഞ്
എടുപിടീന്നൊരുനാള് . . .

ശരി, പിന്നെക്കാണാംന്ന്
പൊറിഞ്ഞിട്ടേലും പോകാരുന്നില്ലേ?

ദൈവംതമ്പുരാനേ!
പ്രൊജക്ടഡ് ടാര്ജറ്റുപടി
പ്രോലിട്ടേറിയറ്റു കേരളം വരുമാരുന്നേല്
നിന്നുനിന്നു പെരുംകാടുകളാവേണ്ടവരല്ലാരുന്നോ,
കഷ്ടം!

ആഴിയാഴിയഴഞ്ഞ് . . .
എഴുപിഴീന്ന് . . .
ആഴിയാഴിയഴഞ്ഞ് . . .
എഴുപിഴീന്ന് . . .