മൂന്നു കവിതകള്‍

സമുദ്രനീലിമ

ഉമിനീര്‍ മാനിഫെസ്റ്റോ

സുരക്ഷ മട്ടില്‍ കാവല്‍
മുപ്പത്തിരണ്ട് വെളുത്ത ചെന്നായ്ക്കള്‍.
വായ ഇവരുടെ തടാകമാണ്.
ഇവരുടെ കാവല്‍
മുപ്പത്തിരണ്ട് ദിശകളില്‍ മൂര്‍ച്ച വെളുപ്പിക്കുന്നു.

പാതാളപ്പെട്ട ജലാശയം.
പുളിമരങ്ങളെ കാണുമ്പോള്‍
ജലനിരപ്പുയരുന്നു.

മുപ്പത്തിരണ്ട് ചെന്നായ്ക്കളെ കാണുന്നു.
ജലനിരപ്പ്‌ താഴുന്നു.
ചോരയെപ്പോല്‍ കുതിച്ചുചാട്ടമോ
കൊമ്പുകോര്‍ക്കലോ ഇല്ലാതടങ്ങുന്നു.

തീന്മേശയില്‍ പലപ്പോള്‍
വെള്ളപ്പൊക്കം വിഭാവനം ചെയ്യുന്നു.
ഭക്ഷണമേള കടന്നുപോവുന്നു.
ആളുകള്‍ ചവയ്ക്കുന്നതിന്‍റെ ശബ്ദം
തിടുക്കത്തില്‍ സമീപിക്കുന്ന
ഒരു യുദ്ധമുന്നണിയെ വരയ്ക്കുന്നു.
ഒന്നും സംഭവിക്കുന്നില്ല.
തടാകം വരണ്ടുപോവുന്നു.
ഭയന്നു തലതല്ലി ഒളിവില്‍
പ്രവേശിക്കുന്നു.
ചൂണ്ടയില്‍ അരുചികൊത്തുന്നു.

വേണമെന്നുണ്ടെങ്കില്‍ ചോരയേക്കാള്‍ വിപ്ലവകാരിയാവാം.
നിറമില്ല.
പതാകയില്ല.
ഊറ്റപ്പെട്ടതിന്‍റെചരിത്രഭാരമില്ല.
സമ്മര്‍ദമോ ഗ്രൂപ്പോ ഇല്ല.
ഒരൊറ്റ നീട്ടി തുപ്പല്‍ മതി
കാഞ്ചിയേക്കാള്‍ ആവേഗം.
തെറിയെക്കാള്‍ മുരള്‍ച്ച.

ചോരപ്പാടുകളുടെചരിത്രത്തില്‍
ഉമിനീര്‍പ്പാടുകളില്ല.
വിശപ്പിന്‍റെയുംഅരുചിയുടെയും
കൊതിയുടെയും
ഭയത്തിന്‍റെയും
വരള്‍ച്ചയുടെയും
വെള്ളപ്പൊക്കങ്ങളുടെയും
ചുംബനങ്ങളുടെയും
ജീന്‍ ഇവളില്‍ നിന്നു പുറപ്പെടുന്നു.
ഞാന്‍ ഉമിനീരിന്‍റെ ഗോത്രത്തില്‍പ്പെടുന്നു.

ഓര്‍മ്മയ്ക്കൊരു കറ പോലും
സംഭാവന ചെയ്യാന്‍ കഴിയാതെ പോയവള്‍.
തുപ്പല്‍ തൊട്ടു മറിച്ചതാളുകളില്‍
നഗ്നമായ ഉമിനീര്‍ കാല്‍പാദങ്ങള്‍
അദൃശ്യരായി
നടന്നുപോവുന്നു.

ചിലയിടങ്ങളില്‍ ചോരയേക്കാള്‍വേഗത്തില്‍
സഞ്ചരിക്കും.
ചോര ചോരയെതിരിച്ചരിയുന്നതിന്‍ മുന്നേ
ഉമിനീര്‍ ഉമിനീരിനെ തിരിച്ചറിയും.
അപ്പോള്‍ അറുപത്തിനാല്
ചെന്നായ്ക്കളുടെ ജാഗ്രത അഴുകി
ഉമിനീരില്‍ കലരും.





പഴയ പെണ്‍കുട്ടി പഴകിയ ബ്രാ പഴകിയ ഷഡി

പെണ്‍കുട്ടി നില്‍ക്കുന്നുബ്രാ ധരിച്ചിട്ടുണ്ട്ബ്രാ നിറം മങ്ങിയതാണ്വെള്ളനിറം മഞ്ഞച്ചിരിക്കുന്നുആനുപാതികമല്ലാത്ത വിധം കരിമ്പനടിച്ചതിന്‍റെകറുത്ത നേര്‍ത്ത പുള്ളിക്കുത്തുകള്‍അവിടവിടെയായികാണാംബ്രായുടെ അരികുവശം പിന്നിയിരിക്കുന്നുബ്രായുടെ വള്ളികള്‍ പിന്നിയിരിക്കുന്നുബ്രായുടെ വള്ളികളില്‍ ഒന്ന് പൊട്ടിയിരിക്കുന്നുബ്രായുടെ വള്ളികളില്‍ ഒന്ന് പൊട്ടാറായിരിക്കുന്നുബ്രായുടെ പൊട്ടിയ വള്ളിതുരുമ്പേടുത്ത ഒരു സേഫ്റ്റിപിന്‍ കൊണ്ട്കുത്തിവെച്ചിരിക്കുന്നുപെണ്‍കുട്ടിയുടെ മുലകള്‍ തമ്മില്‍ വലിപ്പവ്യത്യാസമുണ്ട് പെണ്‍കുട്ടിയുടെ ഒരു മുല ചെറുതും മറ്റേ മുല വലുതുമാണ് ഇടത്തെ കുഞ്ഞുമുല കൊണ്ട് ബ്രാ നിറയുന്നില്ല ഇടത്തെ കുഞ്ഞു മുലയ്ക്കുമേല്‍ ബ്രാ ചപ്പിയിരിക്കുകയാണ് ആഞ്ഞുശ്വസിക്കുമ്പോള്‍ അത് കൂര്‍ത്തുവരും വലത്തേ കുഞ്ഞുമുല ബ്രായില്‍ നിറഞ്ഞിരിക്കുന്നു മുലമൂടികളുടെ കീഴ്ഭാഗത്തുകൂടിഒരു വിരല്‍ വീതിയില്‍ഇലാസ്റ്റിക് കടന്നുപോവുന്നു ഇലാസ്റ്റിക്കില്‍ ചിലയിടങ്ങളില്‍തുന്നല്‍പ്പാട് വിട്ടു പോന്നിട്ടുണ്ട് ഇന്ത്യന്‍ പതാകയിലെ കുങ്കുമനിറമാണ്പെണ്‍കുട്ടിയുടെ ഷഡിയ്ക്ക് അതിനുള്ളില്‍സാനിട്ടറിപാഡ് രക്തത്തില്‍ കുതിര്‍ന്നിരിപ്പുണ്ട് പെണ്‍കുട്ടി ബ്രായും കുങ്കുമനിറത്തിലുള്ള ഷഡിയും ഊരിമാറ്റിയിരിക്കുന്നു രണ്ടിലും വിയര്‍പ്പിന്‍റെ നനവുണ്ട് രണ്ടിലും വിയര്‍പ്പിന്‍റെ മണമുണ്ട് ഷഡിയില്‍ വിയര്‍പ്പിന്‍റെയും രക്തത്തിന്‍റെയും നനവും മണവും ഉണ്ട് മുലകളില്ലാത്ത ബ്രാ ചപ്പിയിരിക്കുന്നു മുലകളില്ലാത്ത ബ്രായുടെ വള്ളികള്‍ ഒടിഞ്ഞിരിക്കുന്നു മുലകളില്ലാത്ത ബ്രായുടെ ഉള്‍വശം കൂടുതല്‍ ഇരുണ്ടിരിക്കുന്നു വള്ളികളുടെ പിന്‍ഭാഗത്ത് നീലനിറം പടര്‍ന്നിരിക്കുന്നു മുലമൂടികളുടെ അരികുകളില്‍ കറുപ്പുനിറത്തില്‍ ചേറിരിക്കുന്നു ബ്രായുടെ അരുകുകളിലുംഇടത്തെ വള്ളിയുടെ പിന്‍ഭാഗത്തുനിന്നുള്ള തുടക്കത്തിലുംഇളം പച്ചനിറം പടര്‍ന്നിരിക്കുന്നു വള്ളികളെ മുലമൂടികളുമായി ബന്ധിപ്പിക്കുന്നചെറിയ പ്ലാസ്റ്റിക്‌ ചതുരവും വൃത്തവും പൊട്ടാറായിരിക്കുന്നു കുങ്കുമനിറത്തിലുള്ള ഷഡിയില്‍ രക്തപ്പാടുകളുണ്ട് ഉണങ്ങിപ്പിടിച്ച രക്തത്തിന്കറുപ്പിനോടടുത്തചുവപ്പില്‍ നിന്നകലാത്ത ഒരു തരം നിറമാണ് ഷഡിയുടെവീതി കുറഞ്ഞ മധ്യഭാഗത്ത്പ്രത്യേകിച്ച്അതിന്‍റെ അരികുകളിള്‍കനത്തില്‍ രക്തം പടര്‍ന്നിരിക്കുന്നു പാഡിന്‍റെ ചിറകുകളില്‍രക്തം പടര്‍ന്നിരിക്കുന്നു പാഡിന്റെ ചിറക്കുറെ മടങ്ങിയും അകത്തേക്കും ഇരിക്കുന്നു പാഡിന്‍റെ അകത്ത് രക്തം അമര്‍ന്നിരിക്കുന്നു പാഡിന്‍റെ മധ്യഭാഗത്ത്ചുവന്നിരുണ്ട വഴുവഴുക്കുന്ന രക്തംകട്ടപിടിച്ചിരിക്കുന്നു പാഡിന്‍റെ പിന്‍ഭാഗത്തും രക്തം പുരണ്ടിരിക്കുന്നു കുങ്കുമനിറമുള്ള ഷഡിയില്‍ നിന്ന് പാഡ് ഏറെക്കുറെ ഇളകിപോന്നിട്ടുണ്ട് രക്തം പടര്‍ന്നു കുങ്കുമനിറം കടുത്തിട്ടുണ്ട്





നിറം

കറുത്ത വിത്തുകൾ 
മുളച്ചു വരുമ്പോൾ 
പച്ച ഇലകൾ
ചുവന്ന പൂവുകൾ.

ഞാൻ കറുത്ത വിത്തുകൾ നടുന്നു.
എന്നിട്ട്,
ഇല കറുത്ത
പൂക്കൾ കറുത്ത 
ഒരു കറുകറുത്ത മരത്തെ ആഗ്രഹിക്കുന്നു.

എല്ലാ മരങ്ങളെയും 
എന്റെ നിറത്തിൽ
വെട്ടിയൊതുക്കി 
തെല്ലുനേരത്തേക്ക് 
രാത്രി
എന്നെ 
പകലിലേക്ക് 
പരിഹസിച്ചു വെളുപ്പിക്കുന്നു.
ഞാനാണ്‌ നിന്റെ കറുത്ത മരമെന്നു 
നിഴലുകൾ അഹങ്കരിച്ചു വിളിക്കുന്നു.

ഞാനാശിക്കുന്ന നിറമൊഴികെ 
മറ്റു നിറങ്ങളിലെല്ലാം
പൂക്കൾ ഇലകൾ മരങ്ങൾ.

ഞാനാശിക്കുന്നതുകൊണ്ടൊന്നുമാത്രം
എന്റെ നിറത്തെയോഴിച്ചുനിർത്തി
മറ്റു നിറങ്ങളിലെല്ലാം 
പൂക്കൾ ഇലകൾ മരങ്ങൾ 
എന്നെ ചതിച്ചുകൊണ്ടേ .

എവിടെ തിരിഞ്ഞാലും 
തീരെ കലാകാരനല്ലാത്ത 
ആ കള്ളദൈവത്തിന്റെ 
വൃത്തികെട്ട പച്ചമരങ്ങൾ.

എന്റെ മരം മുളയ്ക്കുന്നില്ല.
ഭൂമി അതിനെ വരയ്ക്കുന്നില്ല .

എന്റെ കറുപ്പിനെ 
വിത്തുകളിൽ നിന്ന് 
മരങ്ങളിലേക്ക് 
പരിഭാഷപ്പെടുത്താനാവാതെ
മടുത്തു ഞാൻ .

നാശം. 

ഇനി ഞാൻ ആശിക്കുന്നില്ല.
മരവും നടുന്നില്ല. 

എന്നാലുമെന്റെ കറുപ്പുമരം.

എന്തുകൊണ്ടങ്ങനെയൊരു  മരമില്ല.